തിമിലയുടെ താളത്തില്‍ തുടങ്ങി കേരളീയ വാദ്യപാരമ്പര്യത്തിന്റെ ചരിത്രത്തിലേക്ക് മുഴങ്ങിക്കേറിയ പ്രശസ്ത തിമില കലാകാരനും ഗവേഷകനുമായ സന്തോഷ് ആലങ്കോടിന് ഈ വര്‍ഷത്തെ സി.എ. ഖാദര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു.തവനൂരില്‍ നടന്ന ചടങ്ങില്‍ തവനൂര്‍ എം.എല്‍.എ അഡ്വ. വി എസ് ജോയ് പുരസ്‌കാരം സമ്മാനിച്ചു.കേരളീയ വാദ്യകലകളെ ജനകീയമാക്കുന്നതിനും ഗവേഷണത്തിലൂടെ പാരമ്പര്യത്തെ സംരക്ഷിച്ച് പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. ഒരു കലാകാരന്‍ എന്നതിലുപരി പാരമ്പര്യത്തെ കാലത്തോട് സംവദിപ്പിച്ച ഗവേഷകനും ഗുരുവും സംഘാടകനുമാണ് സന്തോഷ് ആലങ്കോട്. 2010-ല്‍ സ്ഥാപിച്ച സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യവും, 2012-ല്‍ രൂപം നല്‍കിയ സോപാനം സാംസ്‌കാരിക വിദ്യാഭ്യാസ ട്രസ്റ്റും വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഞ്ചവാദ്യം, തായമ്പക, മേളം, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് തുടങ്ങിയ വാദ്യകലകളില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. 2011ല്‍ 201 കലാകാരന്മാര്‍ അണിനിരന്ന വാദ്യ പ്രണവം ,2015-ല്‍ 101 വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച താള വൈഖരി’ എന്നീ പരിപാടികള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. 2026 മാര്‍ച്ച് 8-ന് ലോക വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമടങ്ങിയ മാതൃക പഞ്ചവാദ്യസംഘത്തെ ഒരുക്കി വേള്‍ഡ് റെക്കോര്‍ഡ്‌സ് ബുക്ക് ഓഫ് ഇന്ത്യയിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംനേടിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്. സന്തോഷ് ആലങ്കോടിന് സി.എ. ഖാദര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു.



