മന്ദലാംകുന്ന് കടല്‍ത്തീരത്ത് ചാളച്ചാകര എത്തിയതോടെ കരയിലടിഞ്ഞ കിലോ കണക്കിന് മത്സ്യം പറുക്കാന്‍ ആളുകളും കൂട്ടത്തോടെ എത്തി. രാവിലെ 9 മണിയോടെയാണ് മന്ദലാംകുന്ന് കടപ്പുറത്ത് വന്‍ ചാളച്ചാകര എത്തിയത്. ഓരോ തിരയിലും കിലോ കണക്കിനാണ് മത്സ്യമാണ് കരക്ക് അടിഞ്ഞുകൂടിയത്. ആഴക്കടലില്‍ നിന്ന് വള്ളങ്ങളുടെ വലയില്‍ പെടാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍ പെട്ടാണ് ചാളകളകള്‍ കരയിലേക്ക് അടിച്ചുകയറുന്നത്. കരയിലേക്ക് തുടരെത്തുടരെ മീനുകള്‍ അടിച്ചുകയറുന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികളും കടല്‍ കാണാനും നടക്കുവാനും ഇറങ്ങിയവര്‍ക്ക് ആവശ്യത്തിലധികം മത്സ്യമാണ് കിട്ടിയത്. കടലില്‍ നിരവധി വള്ളങ്ങള്‍ ഒരുമിച്ച് മത്സ്യബന്ധനം നടത്തുന്ന സമയത്ത് ഇത്തരത്തില്‍ ഇടക്കിടക്ക് ഇവിടെ മത്സ്യം കിട്ടാറുണ്ട്. വലകളില്‍ നിന്ന് വിട്ടുമാറി രക്ഷപ്പെടാന്‍ കൂട്ടത്തോടെ പായുന്നതിനിടയില്‍, ശക്തമായ തിരമാലകളില്‍ പെട്ട് ചാളക്കൂട്ടം അടിയൊഴുക്കില്‍പ്പെട്ട് കരയിലേക്ക് തള്ളപ്പെടുന്ന പ്രതിഭാസമാണിത്. തീരത്തടിഞ്ഞ മീനുകള്‍ പെറുക്കിയെടുക്കാന്‍ കുട്ടികളും സ്ത്രീകളും അടക്കം വലിയൊരു വിഭാഗം ആളുകളാണ് പാത്രങ്ങളും ചാക്കുകളും ബക്കറ്റുകളുമായി കടപ്പുറത്ത് എത്തിയത്. പലര്‍ക്കും വീട്ടാവശ്യത്തിനുള്ള മത്സ്യത്തിന് പുറമെ വില്‍ക്കുവാനുള്ളതും ലഭിച്ചിട്ടുണ്ട്. ചാള സൗജന്യമായി ലഭിക്കുമ്പോഴും പൊതു വിപണിയില്‍ ഉയര്‍ന്ന വില തന്നെയാണ് ഉള്ളത്. ഇന്ന് പ്രാദേശിക മത്സ്യ മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് 100 രൂപ നിരക്കിലാണ് ചാള വില്‍പ്പന നടക്കുന്നത്.



