കുന്നംകുളം – വടക്കാഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു.

305

കുന്നംകുളം – വടക്കാഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു. ഇന്നലെ കുന്നംകുളം പഴുന്നാനയില്‍ വെച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ ലിബീഷിനെ രണ്ടംഗ സംഘം ബസ്സില്‍ കയറി ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഈ റൂട്ടിലോടുന്ന ഫിദമോള്‍ ബസ്സിലെ ഡ്രൈവര്‍ ലിബീഷിനെയാണ് ക്രൂരമായി മര്‍ദ്ധിച്ചത്. പഴുന്നാന സ്വദേശികളായ ഫയാസ്, ഷാഫി എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് ബസ് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ചാണ് മര്‍ദ്ധനം. റോഡിന് കുറുകെ ബൈക്ക് നിര്‍ത്തി ബസ് തടഞ്ഞ് അകത്ത് കയറി മര്‍ദ്ധിക്കുകയായിരുന്നു.ബസിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാരുടെ മുന്നില്‍ വെച്ചാണ് അസഭ്യം പറഞ്ഞ് ഇരുമ്പ് തടവള ഉപയോഗിച്ച് മര്‍ദ്ധിച്ചത്. മുണ്ടില്‍ കല്ലുകള്‍ കെട്ടിയും മര്‍ദ്ധിച്ചിട്ടുണ്ട്. ബസിലെ ഒരു യാത്രക്കാരി ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഫയാസാണ് ലിബീഷിനെ ക്രൂരമായി മര്‍ദ്ധിച്ചത്. സാരമായി പരുക്കേറ്റ ലിബീഷിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബസ്തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. ഇന്നലെ രാത്രിയിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പണിമുടക്ക് വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.