പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് 13,15 തീരദേശ വാര്‍ഡുകളില്‍ ഒന്നരമാസമായി കുടിവെള്ളം മുടങ്ങി എന്ന് പറഞ്ഞു സി.പി.ഐ.എം. നടത്തിയ പ്രതിഷേധം പ്രഹസനമാണന്ന് യുഡിഎഫ് മെമ്പര്‍മാരായ നസീറ അഹമ്മദ്, ഷാനിഫ് കിഴക്കത്തറ എന്നിവര്‍ പറഞ്ഞു. കുടിവെള്ള ബുദ്ധിമുട്ട് നേരിടുന്നവരുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധ പ്രകടനം നടത്തി നുണ പ്രചരണം അഴിച്ചു വിടുകയാണെന്നും, ഇത്തരത്തില്‍ വാര്‍ഡിലെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമെന്നും യുഡിഎഫ് മെംബര്‍മാര്‍ കുറ്റപ്പെടുത്തി. പൊതുടാപ്പില്‍ ജലവിതരണം മുടങ്ങി എന്നത് യാഥാര്‍ഥ്യമാണ്. അപ്രതീക്ഷിതമായി മോട്ടോര്‍ പമ്പ് സെറ്റ് തകരാര്‍ സംഭവിച്ചപ്പോള്‍ ല്ലൊരു തുക ചിലവ് വരുന്നതിനാല്‍ പരിഹാരനടപടികള്‍ക്ക് കാലതാമസം നേരിട്ടു. എന്നാല്‍ ഈ കാലയളവില്‍ 13,15 വാര്‍ഡിലെ മെമ്പര്‍മാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി പഞ്ചായത്തില്‍ നിന്ന് ടാങ്കറില്‍ കുടിവെള്ളം എത്തിച്ച് പ്രശ്‌നം പരിഹരിച്ചുവെന്നും, ഇത് മറച്ച് വെച്ച് രാഷ്രിയപ്രേരിതമായി ആരോപണമാണ് സിപിഎം നടത്തിയതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. നിലവില്‍ പമ്പ് സെറ്റിന്റെ തകരാര്‍ പരിഹരിച്ചിട്ടുണ്ടെന്നും യുഡിഎഫ് മെംബര്‍മാര്‍ പറഞ്ഞു.



