ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക്

ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരത്തിന് വയലിന്‍ പ്രതിഭ സംഗീത കലാനിധി പദ്മശ്രീ എ കന്യാകുമാരിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ആറു പതിറ്റാണ്ടായി വയലിന്‍ വാദന രംഗത്തിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് കന്യാകുമാരിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവയടങ്ങുന്ന പുരസ്‌കാരം ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോല്‍സവ ഉദ്ഘാടന ദിവസമായ നവംബര്‍ 26ന് സമ്മാനിക്കും. പ്രശസ്ത വയലിന്‍ വിദ്വാന്‍മാരായ ഈശ്വര വര്‍മ്മ ,ടി.എച്ച് സുബ്രഹ്‌മണ്യം , ദേവസ്വം ഭരണസമിതി അംഗം സി മനോജ് എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സമിതിയുടെ ശുപാര്‍ശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.