ചൂണ്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശിയായ 52 വയസുള്ള നൗഷാദിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ പ്രതി ലൈംഗികാക്രമണം നടത്തിയത്.
കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് അതിക്രമ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ആര്‍. സനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.



