എരുമപ്പെട്ടി പഞ്ചായത്തില്നിന്നും എല്.സി.ഡി. പ്രൊജക്ടറുകള് വ്യാജരേഖ ചമച്ച് കൈപ്പറ്റിയ ക്ലബ്ബ് ഭാരവാഹികളുടെ പേരില് കേസെടുക്കാന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പോലീസില് പരാതി നല്കി. കോട്ടപ്പുറം നവമി ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്ബിന്റേയും കുന്നത്തേരി റെഡ് വിങ്ങ്സ് ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്ബിന്റേയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര് എന്നിവര്ക്കെതിരേയാണ് നടപടി.ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്ന്ന് പണം തിരികെ അടയ്ക്കാന് നോട്ടീസ് നല്കിയിട്ടും ക്ലബ്ബുകള് ഇതിന് തയ്യാറായില്ല. തുടര്ന്നാണ് എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി എഫ്.ഐ.ആര്. രജിസ്റ്റര് ചെയ്ത് നിയമനടപടിയെടുക്കണമെന്ന് എരുമപ്പെട്ടി പോലീസിനോട് ആവശ്യപ്പെട്ട് കത്തുനല്കിയത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തായിരുന്നു പ്രൊജക്ടറുകള് വിതരണം ചെയ്തത്. ലോകകപ്പ് ഫുട്ബോള് മത്സരങ്ങള് കാണുന്നതിനായി എരുമപ്പെട്ടി പഞ്ചായത്ത് 2022-23വാര്ഷിക പദ്ധതിയില് 7.80 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 18 വാര്ഡുകളിലേക്ക് ഓരോ എല്.സി.ഡി. പ്രൊജക്ടറാണ് നല്കിയിരുന്നത്. എരുമപ്പെട്ടി ഗവ. എല്.പി. സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു നിര്വ്വഹണ ഉദ്യോഗസ്ഥ.
നിലവില് പഞ്ചായത്ത് മെമ്പറായ കരിയന്നൂര് നാറാണത്ത് വീട്ടില് എന്.കെ. കബീര് നല്കിയ പരാതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇല്ലാത്ത രജിസ്ട്രേഷന് നമ്പര് കാണിച്ച് ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിച്ച് രണ്ട് ക്ലബ്ബുകള് അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയതായി വിജിലന്സ് കണ്ടെത്തിയിരുന്നു. ആനുകൂല്യം കൈപ്പറ്റിയത് തിരിച്ചേല്പ്പിക്കുന്നതിന് തയ്യാറാണെന്ന് മുന്പ് അറിയിച്ചിരുന്നു. എന്നാല് തുക തിരിച്ചടക്കാന് തയ്യാറാകാത്ത സാഹചര്യത്തില് ഭരണസമിതി യോഗത്തില് നടപടിയുണ്ടാകണമെന്ന് കത്ത് നല്കിയിരുന്നു. തുടര്ന്നാണ് നിയമ നടപടി സ്വീകരിക്കുന്നതിന് ഭരണസമിതി യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിത്.
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്തില്നിന്ന് വ്യാജരേഖ ചമച്ച് എല്.സി.ഡി. പ്രൊജക്ടറുകള് കൈപ്പറ്റി; ക്ലബ്ബ് ഭാരവാഹികള്ക്കെതിരെ പരാതി



