പുന്നയൂര്‍ അകലാട് കാട്ടിലെപ്പള്ളി ബീച്ചില്‍ ഗൃഹനാഥനെ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചതായി പരാതി. കാട്ടിലെപള്ളി സ്വദേശി കല്ലുവളപ്പില്‍ വീട്ടില്‍ 55 വയസ്സുള്ള ഇസ്മായിലിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ കാട്ടിലെപള്ളി സ്വദേശികളായ അഷറഫ്, അബ്ദുല്‍ ഖാദര്‍, നൗഷാദ് എന്നിവര്‍ക്കെതിരെ വടക്കേക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അബ്ദുല്‍കാദറിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇസ്മായിലിനെ മര്‍ദിച്ചത്. മുഖത്തും നട്ടെല്ലിനും സാരമായി പരിക്കുപറ്റിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.



