മരത്തിന്റെ ചില്ല വെട്ടാന്‍ സമ്മതം നല്‍കിയതിന്റെ മറവില്‍ അയല്‍വാസി വീട്ടുവളപ്പില്‍ കയറി മരങ്ങള്‍ വെട്ടിയിട്ടതായി പരാതി. കുഴിങ്ങര ജലസംഭരണിക്ക് സമീപം കൂളിയാട്ടയില്‍ ഷാഫിയുടെ വീട്ടുമുറ്റത്തെ മാവ്, പ്ലാവ് ഉള്‍പ്പെടെ 9 മരങ്ങള്‍ വെട്ടിയെന്നാണ് പരാതി.സംഭവത്തില്‍ അയല്‍വാസി പൊക്കുളങ്ങര കബീറിനെതിരെ വടക്കേകാട് പൊലീസില്‍ പരാതി നല്‍കി.കബീറിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ലൈന്‍ പറമ്പിന്റെ അതിരിലൂടെയാണ്‌പോകുന്നത്. കമ്പിയില്‍ ചായുന്ന മരച്ചില്ലകള്‍ കെഎസ്ഇബി വെട്ടുന്നതിനു പുറമേ തങ്ങളുടെ സമ്മതം വാങ്ങി കബീറും വെട്ടാറുണ്ടെന്ന് ഷാഫി പറയുന്നു. കഴിഞ്ഞ ദിവസവും ചില്ല വെട്ടാന്‍ സമ്മതം വാങ്ങിയിരുന്നു. എന്നാല്‍ തൊഴിലാളികള്‍ തങ്ങളുടെ വീട്ടുവളപ്പില്‍ കയറി മരങ്ങള്‍ യന്ത്രം ഉപയോഗിച്ച്മുറിക്കുകയായിരുന്നു. വീട്ടില്‍ വയോധികയായ മാതാവും സഹോദരിയും
മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരം മുറിക്കുന്ന വിവരം അറിഞ്ഞ് കബീറുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് മരം മുറി നിര്‍ത്തിയത്. ഈ സമയം തൊഴിലാളികള്‍ വീടിന്റെ പിന്നിലെ പ്ലാവ് മുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിരില്‍ നിന്നു 10 അടിയോളം അകലെ വീട്ടു മുറ്റത്ത് നില്‍ക്കുന്ന മരങ്ങളും വലിയ ഞാവലിന്റെ കൊമ്പും മുറിച്ചിട്ടുണ്ട്. പിതാവ് പൊക്കുളങ്ങര ബാപ്പു ഹാജി നട്ടു പരിപാലിച്ച മരങ്ങളാണ് ഇല്ലാതാക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. 6 മാസം മുന്‍പാണ് അദ്ദേഹം മരിച്ചത്.



