കല്ലുംപുറം സെന്ററില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്നതായി പരാതി

തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനായ കല്ലുംപുറം സെന്ററില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ ആശങ്കയുണര്‍ത്തുന്നതായി കല്ലുംപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെലോഷിപ്പ് അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അധികൃതര്‍, എം.എല്‍.എ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് സംഘടന നിവേദനം നല്‍കി.ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന ഇവിടെ സമീപകാലത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ വാഹനത്തിരക്ക്, മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും ട്രാഫിക് നിയന്ത്രണങ്ങളുടെയും അഭാവം എന്നിവയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അപകടസാധ്യത കുറക്കാന്‍ ട്രാഫിക് സിഗ്‌നല്‍, സ്പീഡ് നിയന്ത്രണ സംവിധാനങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, തെരുവുവിളക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് കെ.സി.സി.എഫ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സുരക്ഷയും മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെട്ട് കല്ലുംപുറം സെന്ററിലെ അപകടഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നും കെ.സി.സി.എഫ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT