കടങ്ങോട് പഞ്ചായത്തില്‍ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന വെള്ളറക്കാട് – തിപ്പലശ്ശേരി റോഡ് പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ റോഡ് ഉപരോധിച്ചു. കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയെയും, അക്കിക്കാവ് – എരുമപ്പെട്ടി ബൈപ്പാസ് റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളറക്കാട് – തിപ്പലശ്ശേരി റോഡ് തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടയാത്രയ്ക്ക് പോലും സാധ്യമല്ലാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ്. മഴപെയ്താല്‍ ഈ റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദു:സ്സഹമാകും. ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. എ.സി. മൊയ്തീന്‍ എം.എല്‍.എ റോഡ് നിര്‍മ്മാണത്തിന് നാലര ക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നറിയിച്ച് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് റോഡിന്റെ പുനര്‍നിര്‍മാണ ഉദ്ഘാടനം നടത്തിയിരുന്നു.



