അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷനില്‍ വൈദ്യുതി നിലച്ചാല്‍ ലാന്‍ഡ് ഫോണ്‍ സംവിധാനവും പ്രവര്‍ത്തനരഹിതമാകുന്നത് ആശങ്കയാകുന്നു. വൈദ്യുതി ബന്ധം നിലച്ചാല്‍ ഫയര്‍ സ്റ്റേഷനിലെ ഔദ്യോഗിക ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാലും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ബിഎസ്എന്‍എല്‍ നല്‍കുന്ന ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ മോഡം വഴിയുള്ള സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വൈദ്യുതി നിലച്ചാല്‍ മോഡം ഓഫാകുകയും ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെടുകയും ചെയ്യും. ഫയര്‍ സ്റ്റേഷനില്‍ ഈ സംവിധാനത്തിന് ബദലായി പ്രവര്‍ത്തിക്കാന്‍ ഇന്‍വര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി ബാക്കപ്പ് സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഗുരുവായൂരില്‍ പവര്‍കട്ടിന് പുറമെ അടിക്കടി വൈദ്യുതി നിലയ്ക്കുന്നതും പതിവാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഫയര്‍ സ്റ്റേഷന്റെ ലാന്‍ഡ് ഫോണ്‍ ലഭ്യമാകാതിരിക്കുന്നത് അടിയന്തര ഘട്ടങ്ങളില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്.



