കാഞ്ഞിരക്കോട് തോട്ടുപാലത്ത് പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും അനുമതിയില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഫ്‌ളാറ്റിന്റെ സംരക്ഷണഭിത്തി മഴയില്‍ തകര്‍ന്നുവീണു. ചുറ്റുഭാഗം കെട്ടിയുയര്‍ത്തിയ സംരക്ഷണഭിത്തിയുടെ അടിഭാഗത്ത് നിന്ന് വെള്ളമൊഴുകി വരുന്നത് തൊട്ടടുത്ത വീടുകള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. മാലിന്യ, സെപ്റ്റിക്ക് ടാങ്കുകള്‍ക്ക് മൂടിയില്ലാത്ത അവസ്ഥയാണ്. ഇതില്‍ നിന്നുള്ള മാലിന്യങ്ങള്‍ ചുറ്റുഭാഗത്തേയ്ക്ക് ഒഴുകുന്നുണ്ട്. ഇത് പകര്‍ച്ചവ്യാധി പടര്‍ത്തുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍. വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കൊടുമ്പില്‍ മുരളിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ ടി.കെ രാജേഷ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഗോപകുമാര്‍, ഗ്രാമപഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം ഓവര്‍സിയര്‍ കെ.എ സുസ്മിത, കെ.കെ സജിനി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്‌ളാറ്റില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.