‘സ്‌നേഹപൂര്‍വ്വം കൂട്ടുകാര്‍ക്ക്’ പദ്ധതിയുമായി കുന്നംകുളം ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി

139

വിവിധ സ്‌കൂളുകളില്‍ നിന്നായുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണ കിറ്റ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം കൂട്ടുകാര്‍ക്ക് പദ്ധതി തൃശ്ശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.വി നിമ്മി ഉദ്ഘാടനം നിര്‍വഹിച്ചു. 8 ലക്ഷം രൂപ ചിലവിലാണ് വിവിധ സ്‌കൂളുകളില്‍ നിന്നായുള്ള ആയിരം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ ബാഗും നോട്ടുബുക്കുകളും വിതരണം ചെയ്തത്. മഹാത്മാഗാന്ധി, എ.പി.ജെ അബ്ദുല്‍ കലാം, കെ.ആര്‍ നാരായണന്‍ എന്നിവരുടെ മുഖച്ചിത്രങ്ങളോടു കൂടി പ്രത്യേകം തയ്യാറാക്കിയ 15000 നോട്ടുബുക്കുകളാണ് കുട്ടികള്‍ക്ക് വിതരണം ചെയതത്. ഷെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ലെബീബ് ഹസ്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പോലിസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന പെരിന്തല്‍മണ്ണ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് മമ്പാട് മുഖ്യപ്രഭാഷണം നടത്തി. കേരളം നേരിടുന്ന ലഹരി വിപത്തുകളെ കുറിച്ചും ബോധവല്‍ക്കരണത്തിലേറെ തിരിച്ചറിവുകളാണ് വേണ്ടതെന്നും ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എ.മൊയ്തീന്‍, നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, ചൊവ്വന്നൂര്‍ ബി.ആര്‍.സി ബി.പി.ഒ ഡോ.പി.ലിജു എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ഷെമീര്‍ ഇഞ്ചിക്കാലയില്‍ സ്വാഗതവും സക്കറിയ ചീരന്‍ നന്ദിയും പറഞ്ഞു.