എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ മാലിന്യ കൂമ്പാരം.പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും ശുചീകരിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് മെമ്പര്‍മാര്‍ രംഗത്തെത്തി. പഞ്ചായത്തിന്റെ ആഹ്വാനപ്രകാരം വാര്‍ഡുകളിലെ വിവിധ പ്രദേശങ്ങളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം മാലിന്യ കേന്ദ്രമായി മാറിയിരിക്കുകയാണ്. പഞ്ചായത്തിന്റെ കിഴിലുള്ള ഐ.സി.ഡി.എസ്, തൊഴിലുറപ്പ്, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍,കുടുംബശ്രീ,വി.ഇ.ഒ. എന്നീ ഓഫീസുകളും,കോട്ടപ്പുറം പോസ്റ്റ് ഓഫീസും കുടുംബശ്രീ പിങ്ക് കഫയും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയുന്നതിന് നേതൃത്വം കൊടുക്കേണ്ട പഞ്ചായത്ത് ഓഫീസില്‍ തന്നെ മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുമ്പോള്‍ പ്രസിഡണ്ട്,സെക്രട്ടറി,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ ശുചീകരണ പ്രവര്‍ത്തി നടത്താന്‍ തയ്യാറാകുന്നില്ലായെന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പറഞ്ഞു.



