ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു

 

ഫിഫ ലോകകപ്പ് 2026- നോടനുബന്ധിച്ച് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്‌സിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ‘എന്റെ ലക്ഷ്യം ലഹരിയേക്കാള്‍ വലുതാണ്’ എന്ന സന്ദേശമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലി നടത്തിയത്. വൈകിട്ട് 3 മണിക്ക് കുന്നംകുളം ബോയ്‌സ് സ്‌കൂളിന് മുന്നില്‍ നിന്ന് ആരംഭിച്ച ബോധവല്‍ക്കരണ റാലി നഗരം ചുറ്റി മുനിസിപ്പല്‍ ജംഗ്ഷന്‍, ഗുരുവായൂര്‍ റോഡ്, പഴയ ബസ് സ്റ്റാന്‍ഡ് വഴി സഞ്ചരിച്ച് തിരിച്ച് സ്‌കൂള്‍ പരിസരത്ത് തന്നെ സമാപിച്ചു. ഫിഫ ലോകകപ്പിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന കേരള ഗോള്‍ 2026′ കാമ്പെയ്‌നു കീഴില്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് അറ്റ് ഫിഫ വേള്‍ഡ് കപ് 2026′ എന്ന പരിപാടിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. കായികരംഗത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനൊപ്പം യുവതലമുറയെ ലഹരി എന്ന വിപത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ പരിപാടി പൂര്‍ത്തിയാക്കിയത്. റാലിക്ക് അധ്യാപകര്‍ നേതൃത്വം നല്‍കി.

ADVERTISEMENT