കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് നിലയില്‍ ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസ് മുന്നില്‍ തുടരുന്നു.ആവേശകരമായ പോരാട്ടത്തില്‍ 12 സ്വര്‍ണ്ണവും 6 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 85 പോയിന്റുകള്‍ നേടിയാണ് ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൊട്ടുപിന്നാലെ വെറും ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ 9 സ്വര്‍ണ്ണവും 7 വെള്ളിയും 7 വെങ്കലവും അടക്കം 84 പോയിന്റോടെ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തുണ്ട്. 10 സ്വര്‍ണ്ണവും 6 വെള്ളിയും 11 വെങ്കലവുമടക്കം 83 പോയിന്റോടെ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനത്തും, 10 സ്വര്‍ണ്ണവും 11 വെള്ളിയും 6 വെങ്കലവും നേടി 82 പോയിന്റോടെ പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് സ്‌കൂള്‍ നാലാം സ്ഥാനത്തുമുണ്ട്. 9 സ്വര്‍ണ്ണവും 5 വെള്ളിയും 3 വെങ്കലവും നേടി 74 പോയിന്റോടെ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് അഞ്ചാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ നാല് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ കായിക മാമാങ്കത്തില്‍ ഉപജില്ലയിലെ 100-ല്‍ പരം വിദ്യാലയങ്ങളില്‍ നിന്നായി 2,350 ഓളം കായികപ്രതിഭകളാണ് അണിനിരക്കുന്നത്. എല്‍.പി. മിനി, എല്‍.പി. കിഡീസ്, യു.പി. കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ആകെ 122 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കുമായി കുന്നംകുളം ഡഫ് സ്‌കൂളിലാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 1 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്യും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. സിമി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ നിര്‍വ്വഹിക്കും.



