നാടിന്റെ ആഘോഷങ്ങള്‍ക്ക് കരുതലും വിശ്വാസികള്‍ക്ക് സുരക്ഷയും ഉറപ്പാക്കി പള്ളിപ്പെരുന്നാളുകള്‍ സുഗമമാക്കാന്‍ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെരുന്നാള്‍ നടക്കുന്ന വിവിധ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.പെരുന്നാള്‍ കടന്നുപോകുന്ന വഴികളിലെ തടസ്സങ്ങള്‍ നീക്കി ശുചീകരണം നടത്തുക, തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുക, ശുദ്ധജലലഭ്യത ഉറപ്പാക്കുക, വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വലിയ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് കുന്നംകുളം പോലീസിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.ഭക്ഷണശാലകളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പെരുന്നാള്‍ നടക്കുന്ന മൂന്ന് കേന്ദ്രങ്ങളിലും ആംബുലന്‍സ് സൗകര്യം ഒരുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ആനകള്‍ക്ക് ആവശ്യമായ വെള്ളവും നനയ്ക്കുന്നതിനുള്ള സൗകര്യവും ഉറപ്പാക്കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, ജനപ്രതിനിധികളായ ഷൈലജ അരുണ്‍ദാസ്, ടി എസ് മണികണ്ഠന്‍,എന്‍ കെ. ചന്ദ്രാവതി, സന്തോഷ് കൊളത്തെരി, സ്വീറ്റി ഷാജു, സന്ധ്യാ ഷിബു, കെ. എച്ച്.സിദ്ധിഖ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അല്‍ത്താഫ് റഹ്‌മാന്‍,, വിവിധ പള്ളി ഭാരവാഹികളായ അനില്‍ പി മാത്യു, സോണി സക്കറിയ, ഷൈന്‍ കെ ചീരന്‍, കെ എസ് സുവിന്‍, എഡ്വിന്‍ ജിജോ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.പെരുന്നാളുകള്‍ സുഗമമായി നടത്താന്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഇടപെടലുകളെയും കരുതലിനെയും പള്ളി ഭാരവാഹികള്‍ അഭിനന്ദിച്ചു. നാടിന്റെ ആഘോഷങ്ങള്‍ സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും വേദികളായി മാറണമെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.



