27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Velur “കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ഉദാരമതികളുടേയും,സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം അനിവാര്യമാണ്” മന്ത്രി കെ.മുരളീധരന്‍

“കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ഉദാരമതികളുടേയും,സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം അനിവാര്യമാണ്” മന്ത്രി കെ.മുരളീധരന്‍

26

കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ഉദാരമതികളുടേയും, സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വേലൂര്‍ കുറുമാലില്‍ ആരംഭിച്ച രണ്ടാമത് സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അവയവദാനം കച്ചവടമാകുന്നതാണ് ഈ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ അവയവങ്ങള്‍ ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളുണ്ട്. രോഗിയുടെ അവസ്ഥയനുസരിച്ച് അവയവദാന നിയമങ്ങള്‍ ഉദാരമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണാനന്തര അവയവദാനത്തെ സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.മന്ത്രി പറഞ്ഞു. എന്നാല്‍ ചിലര്‍ മതങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന തെറ്റായ പ്രചരണം അവയവദാനത്തിന് വിഘാതമായി മാറുന്നു. മായം കലര്‍ന്ന ഭക്ഷണമാണ് മനുഷ്യരെ മാറാരോഗികളാക്കുന്നത്. ഇതിനെതിരെയുള്ള ശിക്ഷാരീതി കൂടുതല്‍ കടുപ്പിച്ചാല്‍ മാത്രമേ മായം ചേര്‍ക്കലിന് തടയിടാന്‍ കഴിയുകയുള്ളൂവെന്നും ആരോഗ്യ മേഖലയില്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഫാദര്‍ ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത്തെ സൗജന്യ ഡയാലിസിസ് യൂണിറ്റില്‍ 10 മെഷ്യനുകളാണുള്ളത്. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പുതിയ യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്.ഇതോടെ ഡയാലിസിസ് സെന്ററില്‍ 20 ബഡുകളായി. ഒരു ദിവസം 40 രോഗികള്‍ക്ക് ഡയാലിസിസ് നടത്താം. ഫിസിയോ ടുഡേ യുകെ സഹായത്തോടെ ആരംഭിച്ച സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ ഓപ്പണ്‍ ജിം, വിശാല കിഡ്‌നി ഗ്രീന്‍ പാര്‍ക്ക് എന്നിവയുടേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.എ.സി.മൊയ്തീന്‍ എംഎല്‍എ ചടങ്ങിന് അധ്യക്ഷനായി. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേല്‍ ആമുഖ പ്രഭാഷണം നടത്തി. അമല ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജയ്‌സണ്‍ മുണ്ടംമാണി മുഖ്യ പ്രഭാഷണം നടത്തി.വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍, ഫാ.ജോണ്‍സണ്‍ പടിഞ്ഞാക്കര, ഫാ.സേവിയര്‍ ക്രിസ്റ്റി, പഞ്ചായത്ത് പ്രസിഡന്റ്മാരായ പ്രമീള സുബ്രഹ്‌മണ്യന്‍,സിനി പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീല രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റഷീദ്, പഞ്ചായത്ത് മെമ്പര്‍മാരായ കവിത ബാബു, കെ.എപോള്‍സണ്‍, ഇ.കെ. സതീഷ്, ഷീന സാബു, കെ.എഫ്.എ വൈസ് ചെയര്‍മാന്‍ ജി.മോഹന ചന്ദ്രന്‍, പ്രിന്‍സ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!