നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം കേരള ടൂറിസം മാപ്പില്‍

84

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം കേരള ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. ഇന്ത്യയിലെ പ്രധാനപ്പെട്ട ധന്വന്തരി ക്ഷേത്രങ്ങളിലൊന്നാണ് നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം. ആയൂര്‍വേദ മൂര്‍ത്തിയായ ശ്രീ ധന്വന്തരീ മൂര്‍ത്തിയെ ദര്‍ശിക്കുവാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ എത്തുന്നുണ്ട്. ക്ഷേത്രത്തിലെ സ്വര്‍ഗവാതില്‍ ഏകാദശി ആഘോഷത്തിന് ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്താറുണ്ട്. ആയുര്‍വേദ ചികിത്സയുമായി അഭേദ്യബന്ധം ക്ഷേത്രത്തിനുള്ളതിനാല്‍ ആയൂര്‍വേദ രംഗത്തെ പ്രമുഖരും ഡോകടര്‍മാരും ക്ഷേത്രത്തിലെത്തി വഴിപാട് നടത്തുകയും ഭജനമിരിക്കുകയും ചെയ്യാറുണ്ട്. ക്ഷേത്രത്തിന്റെ വലിയ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി കൊണ്ടാണ് എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ക്ഷേത്രത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നവകേരള സദസില്‍ അപേക്ഷ സമര്‍പ്പിച്ചത്.