ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഗുരുവായൂരിലെ സര്‍ക്കാര്‍ അതിഥി മന്ദിരം തുറന്നുകൊടുക്കാന്‍ നടപടിയായില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സര്‍ക്കാര്‍ സ്വത്ത് വെറുതെ പൂട്ടിയിട്ടിരിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നുണ്ട്. വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അതിഥി മന്ദിരമാണിത്. നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്ഘാടനം നടത്താതെ കിടക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഉദ്ഘാടനം മാമാങ്കത്തിലാണ് തിരക്കിട്ട് ഇതും നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അധികൃതര്‍ ഇക്കാര്യം മറന്ന മട്ടാണ്. കഴിഞ്ഞ ഫെബ്രുവരി 19-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ച കെട്ടിടം ഇതുവരെ തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.വിഐപികള്‍ക്ക് മാത്രമായി ചുരുങ്ങാതെ, സാധാരണക്കാര്‍ക്കും ഇവിടെ മുറികള്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, ഉദ്ഘാടനം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ അധികൃതര്‍ താല്പര്യം കാണിക്കുന്നില്ല. അറ്റകുറ്റപ്പണികളോ മറ്റു സാങ്കേതിക തടസ്സങ്ങളോ ഉണ്ടെങ്കില്‍ അത് അടിയന്തരമായി പരിഹരിച്ച് അതിഥി മന്ദിരം ഉടന്‍ തന്നെ ഭക്തര്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്.



