29.7 C
Kunnamkulam
Sunday, August 23, 2026
Home Bureaus Perumpilavu പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; അടിയന്തര സര്‍ക്കാര്‍ ഇടപെടലിന് ആവശ്യം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; അടിയന്തര സര്‍ക്കാര്‍ ഇടപെടലിന് ആവശ്യം

14

പാലക്കാട് റെയില്‍വേ ഡിവിഷന്റെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും ബന്ധപ്പെട്ടവരില്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.കേരളത്തിലും പ്രത്യേകിച്ച് മലബാറിലും തീവണ്ടി യാത്രക്കാരുടെ ദുരിതം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ജനപ്രതിനിധികളെയും യാത്രാ സംഘടനകളെയും പങ്കെടുപ്പിച്ച് എറണാകുളത്തോ തൃശൂരിലോ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ദേശീയ വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയും കേരള ഘടകം ചെയര്‍മാന്‍ എ. ശിവശങ്കരനും ആവശ്യപ്പെട്ടു. യാത്രാക്ലേശങ്ങള്‍ പരിഹരിക്കുന്നതിനും പാലക്കാട് ഡിവിഷന്‍ തല്‍സ്ഥിതിയില്‍ തുടരുന്നതിനും യോഗത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു. കുറച്ചുകാലമായി തിരുവനന്തപുരം ഡിവിഷനിലെ നാഗര്‍കോവില്‍ മേഖലയെ മധുര ഡിവിഷനില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.കേരളം സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് റെയില്‍വേ ഡിവിഷന്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. പാലക്കാട് ഡിവിഷന്‍ വിഭജിക്കപ്പെട്ടാല്‍ അര്‍ഹരായ അടിയന്തര യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ക്വോട്ട (ഇ.ക്യു.) ലഭിക്കുന്നതിനായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടിവരും. നേരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ റെയില്‍പാത അടര്‍ത്തിയെടുത്താണ് സേലം ഡിവിഷന്‍ രൂപീകരിച്ചതെന്നും സംഘടന ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

ADVERTISEMENT
error: Content is protected !!