തൃശൂര്‍ അമല ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവ്, പ്രതികാര നടപടിയുണ്ടാവില്ല, നാലായിരം രൂപ മുതല്‍ വര്‍ധന, സമരം അവസാനിപ്പിച്ചു. തൃശൂര്‍ അമല ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവ് അംഗീകരിച്ച് മാനേജ്‌മെന്റ്. 4000 മുതല്‍ 6000 വരെയാണ് വര്‍ധന. സമരം ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ വ്യക്തമാക്കി. തീരുമാനത്തിന് പിന്നാലെ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു. ജൂബിലി മിഷന്‍ ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം തുടരും.ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉടന്‍ നടക്കും. സര്‍ക്കാര്‍ തലത്തില്‍ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോള്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്‌മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് യുഎന്‍എ വ്യക്തമാക്കിയിരുന്നു. അതേസമയം നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് ഏപ്രില്‍ 1 ന് മാനേജ്‌മെന്റ് എടുത്ത തീരുമാനം നഴ്‌സ് സംഘടന ഇന്ന് അംഗീകരിക്കുകയായിരുന്നു എന്നാണ് മാനേജ്‌മെന്റ് വിശദമാക്കുന്നത്. സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികള്‍ ഇടക്കാല ശമ്പളാശ്വാസം നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്നും, അമലയും ജൂബിലി മിഷനും മാത്രമാണ് അനുകൂല നിലപാട് സ്വീകരിക്കാത്തതെന്നും സംഘടന ആരോപിച്ചിരുന്നത്.



