ആധുനിക സാങ്കേതിക മുന്നേറ്റങ്ങളും അവ കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും വിഷയമാക്കി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു. ‘പുത്തന്‍ സാങ്കേതികവിദ്യയും കുടുംബഘടനയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് നടന്നത്. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളും സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തമുള്ള ഉപയോഗവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടന്ന സെമിനാറില്‍ പ്രശസ്ത എഴുത്തുകാരന്‍ രാം മോഹന്‍ പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി. പുതിയ സാങ്കേതികവിദ്യ വ്യക്തിബന്ധങ്ങളിലും കുടുംബ സങ്കല്‍പ്പങ്ങളിലും വരുത്തുന്ന ഗുണപരമായ മാറ്റങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി സോമശേഖരന്‍ , പുഷ്പ ജോണ്‍, ആര്‍ഷ ജിജു, വാര്‍ഡ് കൗണ്‍സിലര്‍ മിനി മോന്‍സി, ജനപ്രതിനിധികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



