30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam മുസ്ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കം

മുസ്ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കം

19

മുസ്ലിം യൂത്ത് ലീഗ് തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് കുന്നംകുളം ഇ.പി. ഖമറുദ്ദീന്‍ നഗറില്‍ പ്രൗഢോജ്വലമായ തുടക്കം. കുന്നംകുളം ടൗണ്‍ഹാളിലെ സമ്മേളന നഗരിയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സനൗഫല്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കുന്നംകുളം ലിവ ടവറില്‍ നടന്ന തലമുറ സംഗമം, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗിന്റെ മുന്‍കാല പ്രവര്‍ത്തകരും പുതുതലമുറയും ഒത്തൊരുമിച്ച സംഗമത്തില്‍ സംഘടനയുടെ പ്രവര്‍ത്തന പാരമ്പര്യവും കാലിക പ്രസക്തിയും ചര്‍ച്ചയായി. വിവിധ കാലഘട്ടങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നേതാക്കളും പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു. കഴിഞ്ഞകാലത്തിന്റെ അനുഭവങ്ങളും പുതിയ കാലത്തിന്റെ പ്രതീക്ഷകളും പങ്കുവെക്കുന്ന ആശയവിനിമയ വേദിയായി തലമുറ സംഗമം മാറി. സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടിന് ഇ.പി. ഖമറുദ്ദീന്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. യുവതയുടെ രാഷ്ട്രീയസാമൂഹിക ഇടപെടലുകള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും കാലിക വിഷയങ്ങളില്‍ യുവജനങ്ങളുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ ആര്‍.വി. അബ്ദുല്‍ റഹീം, നേതാക്കളായ കെ.കെ.സക്കരിയ, ഫഹദ്, അസീസ്, മന്നലാംകുന്ന്, ഫസലുദ്ദീന്‍, ഖമറുദ്ദീന്‍, അലി അകലാട് തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!