29 C
Kunnamkulam
Sunday, November 29, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ വാവേക്കര്‍ പടവിലെ ബണ്ടുവരമ്പില്‍ വിള്ളല്‍; കെഎല്‍ഡിസി അധികൃതര്‍ പരിശോധന നടത്തി

കാട്ടകാമ്പാല്‍ വാവേക്കര്‍ പടവിലെ ബണ്ടുവരമ്പില്‍ വിള്ളല്‍; കെഎല്‍ഡിസി അധികൃതര്‍ പരിശോധന നടത്തി

4

കാട്ടകാമ്പാല്‍ കോള്‍ മേഖലയില്‍ വാവേക്കര്‍ പടവിലെ ബണ്ടുവരമ്പില്‍ വിള്ളല്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കെഎല്‍ഡിസി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബണ്ട് തകരാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ പാടത്ത് മണ്ണ് പൊന്തുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്നും കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി.അടിയന്തരമായി ബണ്ടില്‍ ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യം നേരിടുന്നതിനായി കര്‍ഷകര്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏകദേശം ആയിരത്തോളം മണ്ണ് നിറച്ച ചാക്കുകള്‍ സംഭരിച്ചുവെച്ചിട്ടുണ്ട്. അറുപതോളം ഏക്കര്‍ വിസ്തൃതിയുള്ള വാവേക്കര്‍ കോള്‍പടവില്‍ പുഞ്ചക്കൃഷിക്കായി വെള്ളം വറ്റിച്ച് ഞാറ്റടി തയ്യാറാക്കുന്നതിനിടെയാണ് ബണ്ടുവരമ്പിലെ വിള്ളല്‍ കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബണ്ടിന്റെ പല ഭാഗങ്ങളിലും അടിയിലൂടെ വെള്ളം പാടത്തേക്ക് ഒഴുകുന്നതായും കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോള്‍പടവില്‍ ഈ വര്‍ഷത്തെ കൃഷിയിറക്കിയത്.ബണ്ടുവരമ്പ് തകര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടുവര്‍ഷം കൃഷി മുടങ്ങിയ കോള്‍പടവില്‍ കഴിഞ്ഞ ഏപ്രിലിലാണ് കെ.എല്‍.ഡി.സി.യുടെ നേതൃത്വത്തില്‍ ബണ്ട് പുനര്‍നിര്‍മിച്ചത്. എന്നാല്‍ പാടത്തെ ചണ്ടിയും പായലും നീക്കം ചെയ്യുന്നതിനായി ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിപ്പിച്ച യന്ത്രങ്ങളാണ് ബണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചണ്ടിയും പായലും നീക്കം ചെയ്യുന്നതിനിടെ ബണ്ടിന്റെ അടിഭാഗത്തെ മണ്ണും നീക്കം ചെയ്തതായാണ് കര്‍ഷകരുടെ ആരോപണം. ബണ്ടിന്റെ സമഗ്ര നവീകരണത്തിനായി പുതിയ പദ്ധതി സമര്‍പ്പിക്കണമെന്ന് കെഎല്‍ഡിസി അധികൃതര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

ADVERTISEMENT
error: Content is protected !!