ഗുരുവായൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കാട്ടുപന്നി ചത്തു. ചൊവ്വല്ലൂര്‍പ്പടി മന്നിക്കരയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഏഴുമണിയോടെ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള കുര കേട്ടാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിച്ചത്. പത്തോളം നായ്ക്കള്‍ ചേര്‍ന്ന് ഏകദേശം രണ്ട് മണിക്കൂറോളം കാട്ടുപന്നിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അവശയായ പന്നി നിലത്തുവീണു. നാട്ടുകാരെ കണ്ടതോടെ നായ്ക്കള്‍ ആക്രമണത്തില്‍ പിന്‍വാങ്ങി. രക്തം വാര്‍ന്ന് അവശനിലയില്‍ കിടന്ന കാട്ടുപന്നി പരിസരവാസികള്‍ക്കും ഭീഷണിയായതോടെ നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജലീല്‍ പണിക്കവീട്ടിലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നഗരസഭ നിയോഗിച്ച ഷൂട്ടറായ അരണാട്ടുകര സ്വദേശി നെല്‍സണ്‍ ജെ. പാലയ്ക്കലിനെ സ്ഥലത്തെത്തിച്ചു. എന്നാല്‍ വെടിവെക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് തന്നെ അവശനിലയിലായിരുന്ന പന്നി ചത്തു. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാട്ടുപന്നിയുടെ ജഡം സംസ്‌കരിച്ചു. മേഖലയില്‍ തെരുവ് നായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണ്.
******



