പുന്നയൂര്‍ ആലാപാലം വാതക ശ്മശാനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മരണാനന്തര സഹായ സമിതികളെയും കോഡിനേഷന്‍ കമ്മിറ്റിയെയും ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തിയ യോഗത്തിനു വൈസ് പ്രസിഡണ്ട് ഐ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ആര്‍ പി ബഷീര്‍ യോഗ വിശദീകരണ അവതരണം നടത്തി. ഭരണസമിതിയുടെ ഭയാശങ്ക യോഗത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 9നും 19 നും നിര്‍മ്മാണ കമ്പനിയായ റൈഡ്‌കോ, അപാകതകള്‍ പരിഹരിച്ചു എന്ന് രേഖാമൂലം അറിയിച്ചത് അവരുടെ നിരുത്തരവാദിത്വം ആണെന്നും പിന്നീട് വിദഗ്ധസമിതി എത്തുമെന്ന് അറിയിച്ചപ്പോഴും, ജോയിന്റ് ഡയറക്ടറുടെ ഗൂഗിള്‍ മീറ്റിലും സമയം കൂട്ടി ചോദിച്ചതും ഇവരുടെ വഞ്ചനയുടെ ഒരു മുഖമാണന്ന് യോഗത്തില്‍ വിശദീകരിച്ചു. ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ കണ്ടത്തിയ അപാകതകള്‍ റൈഡ്‌കോ കമ്പനിയെ അറിയിക്കുകയും പ്രശ്‌നപരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാം എന്ന് ഉറപ്പു നല്‍കിയ കമ്പനി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശ്മശാനത്തില്‍ എത്തുകയും ട്രയല്‍ റണ്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച താപനിലയില്‍ എത്താന്‍ കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര സഹായ സമിതി അംഗങ്ങളെയും ശ്മശാന മോണിറ്ററി അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍വകക്ഷി യോഗം ചേര്‍ന്നത്. പഞ്ചവടി തിയ്യ സമുദായ മരണാനന്തര കമ്മറ്റി പ്രതിനിധി വിനയദാസ്, എടക്കര മരണാനന്തര സമിതി പ്രസിഡണ്ട് സി എസ് രാജീവ്, മോണിറ്ററിംഗ് കമ്മിറ്റി അംഗം ഫസലു, മൊയ്തീന്‍ ഷാ പള്ളത്ത് തുടങ്ങിയവരും സെക്രട്ടറി ഇന്‍ ചാര്‍ജ് രതീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ മുനാഷ് മച്ചിങ്ങല്‍, മുബീന സലീം അസിസ്റ്റന്റ് സെക്രട്ടറി ഗണപതി തുടങ്ങീ പഞ്ചായത്ത് മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുത്തു. അടുത്തദിവസം റൈഡ്‌കോ കമ്പനി പ്രതിനിധികളെയും വിദഗ്ധസമിതിയെയും മരണാനന്തര സഹായ സമിതി അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് യോഗം ചേരാനും തീരുമാനമായി..
Home Bureaus Punnayurkulam പുന്നയൂര്‍ ആലാപാലം വാതക ശ്മശാനം ; പ്രശ്നപരിഹാരത്തിന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നു



