കുന്നംകുളം വ്യാപാര ഭവന് സമീപത്തെ യേശുദാസ് റോഡില്‍ അദാനി ഗ്യാസ് പൈപ്പ് ലൈനില്‍ വീണ്ടും ചോര്‍ച്ച. ബുധനാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. തീ പടര്‍ന്നെങ്കിലും സമയോചിതമായി ഇടപെടലിലൂടെ അപകടം ഒഴിവായി.ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തെ ഡ്രൈവര്‍മാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തുമ്പോഴേക്കും റോഡരികിലെ തന്നെ പാഴ്‌ചെടികളില്‍ ചെറിയ തോതില്‍ തീ പടര്‍ന്നിരുന്നു. ഉടന്‍തന്നെ അഗ്‌നിരക്ഷാസേന തീ അണച്ചു. അഗ്‌നിരക്ഷാസേനാ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് അദാനി ഗ്യാസ് പൈപ്പ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു.അദാനി ഗ്യാസ് പൈപ്പ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച സ്ഥിരീകരിച്ചു. തുടര്‍ന്ന് പൈപ്പ് ലൈന്‍ ചോര്‍ച്ച അടച്ചതിനുശേഷം കുഴിയെടുത്ത് പൈപ്പ് കുഴിച്ചുമൂടി. വിവരമറിഞ്ഞ് കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷ ആര്‍ഷ ജിജു തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.അടുത്തിടെ കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ നിലയില്‍ നിരവധി സ്ഥലങ്ങളില്‍ അദാനി ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. അടുത്തിടെ കുറുക്കന്‍പാറയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.



