കുന്നംകുളം ആര്‍ത്താറ്റ് കുറുക്കന്‍പാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ഐബക് എന്നിവരാണ് മരിച്ചത്.രാത്രി 12 മണിയോടെയായിരുന്നു സംഭവം.വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബം റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണ്‍ ചെയ്യുന്നതിനിടെ പുറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കാണ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മൂവരെയും നാട്ടുകാരും നന്മ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കുന്നംകുളത്തെ ദയാ റോയല്‍ ആശുപത്രിയിലും മലങ്കര ആശുപത്രിയിലുമെത്തിച്ചെങ്കിലും മുനീറും ഷിഫ്‌നയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് എമില്‍ ഐബക് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



