അക്കികാവ് കമ്പിപ്പാലത്ത് സ്വകാര്യബസ്സും ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കമ്പിപ്പാലം അഗതിയൂര്‍ സ്വദേശി 70 വയസ്സുള്ള ബാലനാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പിലാവ് അറക്കലില്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15 വയസ്സുകാരനെ ഇവിടെ നിന്നും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി കുന്നംകുളത്ത് നിന്ന് പോയ ഐ.സി.യു. ആംബുലന്‍സിനെ എതിര്‍ ദിശയില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ മറികടന്നെത്തിയ സ്വകാര്യ ബസ് ഇടിച്ചതിനെ തുടര്‍ന്ന് പാതയോരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തെറിച്ച് സമീപത്തെ കടയില്‍ നില്‍ക്കുകയായിരുന്ന വയോധികന്റെ ശരീരത്തില്‍ ഇടിച്ചാണ് വയോധികന് പരിക്കേറ്റത്. പരിക്കേറ്റ വയോധികനെ കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.