സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അലക്ഷ്യമായി കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് പിഴ ചുമത്തി പുന്നയൂര്‍ പഞ്ചായത്ത്. അമ്പതിനായിരം രൂപ പിഴയടക്കാനും പത്ത് ദിവസത്തിനുള്ളില്‍ മാലിന്യം നീക്കാനും നിര്‍ദ്ദേശം നല്‍കി. അകലാട് ബദര്‍പ്പള്ളിക്ക് സമീപം പടിഞ്ഞാപുറത്ത് ഷാഹുവിന്റെ ഉടമസ്ഥതയിലുള്ള വീട്ട് പറമ്പിലാണ് മാലിന്യങ്ങള്‍ കുട്ടിയിട്ടിരുന്നത്. വാടകക്ക് കൊടുത്തിരുന്ന എം പാനല്‍ ലൈസന്‍സുള്ള കരാറുകാരന്‍ പുന്നയൂര്‍ പഞ്ചായത്ത് അറിയാതെ രണ്ട് പഞ്ചായത്ത് പരിധിയില്‍ നിന്നുള്ള മലിന്യങ്ങളാണ് ഇവിടെ കൊണ്ടുവന്ന് കൂട്ടിയിട്ടിരുന്നത്. ഇതില്‍ പ്ലാസ്റ്റിക്ക് മലിന്യങ്ങള്‍ക്ക് പുറമെ ആശുപത്രികളില്‍ നിന്നുള്ള കുപ്പികളും മെഡിസിന്‍ സ്ട്രിപ്പുകളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം നാട്ടുകാരോ പരിസരവാസികളോ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. മറ്റൊരു വ്യക്തി ഇ ൈപറമ്പിനോട് ചേര്‍ന്ന് അറവ് മൃഗങ്ങളുടെ തോലുകള്‍ കൊണ്ടുവന്നിട്ട് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നുണ്ടായ തിരച്ചിലിനിടെയാണ് മലിന്യകൂമ്പാരം കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറവ് മാലിന്യവും നീക്കം ചെയ്തു.



