സൗജന്യ പരിശീലന കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു

42

പുന്നയൂര്‍കുളം പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ, അസിസ്റ്റന്റ് ഹാന്‍ഡ് എംബ്രോയ്ഡ്റിയുടെയും അസിസ്റ്റന്റ് ടെക്‌സ്‌റ്റൈല്‍ പ്രിന്റിങ് പരിശീലന കോഴ്‌സുകളുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍ സ്വാഗതം പറഞ്ഞു. ജെ എസ് എസ് പ്രോഗ്രാം റിസോര്‍സ് പേഴ്‌സണ്‍ നീതു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രേമാ സിദ്ധാര്‍ത്ഥന്‍, ബിന്ദു ടീച്ചര്‍, തുടങ്ങി വാര്‍ഡ് മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്ലാസ്സ് രാവിലെയും, ഉച്ചക്കുമായി രണ്ട് ബാച്ചുകളായിട്ടാണ് നടത്തുന്നത്. 18നും 45നും ഇടയില്‍ പ്രായമുള്ള 40 പേര്‍ക്കാണ് അവസരം ഉണ്ടായിരിക്കുക.