കുന്നംകുളം പ്രസ്സ്‌ക്ലബ്ബിന്റെ മാധ്യമപുരസ്‌കാര വിതരണം വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക മാധ്യമപ്രവര്‍ത്തകക്ക്പുരസ്‌കാരം ഏര്‍പ്പെടുത്തിയ കുന്നംകുളം പ്രസ്‌ക്ലബ്ബിന്റെ 21-ാമത് മാധ്യമ പുരസ്‌കാര വിതരണമാണ് വെള്ളിയാഴ്ച്ച നടക്കുക. രാവിലെ 11 ന് കുന്നംകുളം വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങ് സംസ്ഥാന കായിക – യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ജിജോ തരകന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവിയും ഗാന രചിയിതാവുമായ റഫീക്ക് അഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അംഗങ്ങളുടെ ഐ.ഡി. കാര്‍ഡ് വിതരണം നടത്തും. സംസ്ഥാന എക്‌സൈസ് വകുപ്പുമായി കൈകോര്‍ത്ത് പ്രസ്‌ക്ലബ്ബ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.കെ. സജികുമാര്‍ നിര്‍വ്വഹിക്കും. അച്ചടി മാധ്യമ രംഗത്ത് തൃശൂര്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ അഷേക സുധരാജ്, ദൃശ്യ മാധ്യമ രംഗത്ത് കണ്ണൂര്‍ ഇരിട്ടി ഹൈവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉന്‍മേഷ് പായം എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം.



