25.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk സോഷ്യല്‍ മീഡിയയില്‍ തരംഗമായി 17 കാരന്‍ ബില്‍ജോയുടെ എല്‍.ഇ.ഡി. ദൃശ്യവിരുന്ന്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി 17 കാരന്‍ ബില്‍ജോയുടെ എല്‍.ഇ.ഡി. ദൃശ്യവിരുന്ന്

115

ചരിത്രപ്രസിദ്ധമായ പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ ദീപാലങ്കാരം സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കിടയിലും തരംഗമാകുന്നു. പാലയൂര്‍ പള്ളിയുടെ നടശാലയോട് ചേര്‍ന്നുള്ള കൂറ്റന്‍ ടവറില്‍ കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വര്‍ണ്ണവിസ്മയം തീര്‍ത്തതിന് പിന്നില്‍ തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശിയായ 17 വയസ്സുകാരന്‍ ബില്‍ജോയുടെ കഠിനാധ്വാനവും സാങ്കേതിക മികവുമാണ്. ആധുനിക സാങ്കേതികവിദ്യയായ പിക്‌സല്‍ എല്‍.ഇ.ഡി. വിളക്കുകള്‍ ഉപയോഗിച്ചാണ് ബില്‍ജോ ഈ ദൃശ്യവിരുന്ന് ഒരുക്കിയത്. ഓരോ എല്‍.ഇ.ഡി. ബള്‍ബും പ്രത്യേകമായി നിയന്ത്രിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ സ്വന്തം ലാപ്‌ടോപ്പില്‍ പ്രോഗ്രാം ചെയ്താണ് ഈ മിടുക്കന്‍ വിസ്മയം തീര്‍ത്തത്. ഇത്തവണ ദീപാലങ്കാരത്തിലൂടെ ലോകകപ്പ് ഫുട്‌ബോളിന്റെ ദൃശ്യങ്ങള്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍ അത് കാണികള്‍ക്ക് തികച്ചും പുതുമയാര്‍ന്നൊരു അനുഭവമായി മാറി.പാലയൂര്‍ പള്ളിയിലെ ദീപാലങ്കാരത്തിന്റെ പ്രധാന ചുമതല ബില്‍ജോയുടെ പിതാവും ചിറ്റിശ്ശേരി സ്വദേശിയുമായ ബിജിറ്റ് കാട്ടുക്കാരനായിരുന്നു. എന്നാല്‍ പിക്‌സല്‍ എല്‍.ഇ.ഡി. വിഭാഗം പൂര്‍ണ്ണമായും മകന്റെ കരങ്ങള്‍ ആയിരുന്നു 15-ാം വയസ്സില്‍ തന്നെ പിതാവിനൊപ്പം ചേര്‍ന്ന് ദീപാലങ്കാരങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയ ബില്‍ജോയ്ക്ക് ഈ രംഗത്ത് ഇതിനകം തന്നെ കൈനിറയെ അനുഭവസമ്പത്തുണ്ട്. വടക്കാഞ്ചേരിയിലെ പ്രമുഖ ലൈറ്റ് എഞ്ചിനീയറായ ഇസ്മായില്‍ വടക്കാഞ്ചേരിയില്‍ നിന്നാണ് പിക്‌സല്‍ എല്‍.ഇ.ഡി. പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാന വിദ്യകള്‍ പഠിച്ചെടുത്തത്.തിരുനാളിനെത്തിയ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെയും നാട്ടുകാരുടെയും മനം കവര്‍ന്ന ദീപാലങ്കാരത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പ്രായത്തെ വെല്ലുന്ന സാങ്കേതിക ജ്ഞാനവുമായി ലൈറ്റിങ് രംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കുന്ന ഈ 17-കാരന് വലിയ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

ADVERTISEMENT
error: Content is protected !!