ഗള്‍ഫില്‍ നിന്ന് ടി.വി എത്തിച്ച് ലോകകപ്പ് കണ്ട പഴയ കാലം. അര നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ചാലിശ്ശേരി സ്വദേശി സി.വി.സൈമണ്‍. 2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെങ്ങും അലയടിക്കുമ്പോള്‍ അര നൂറ്റാണ്ടിലേറെ നീളുന്ന തന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ചാലിശ്ശേരി ഹൈസ്‌കൂള്‍ റോഡില്‍ ചീരന്‍ വര്‍ഗീസ് മകന്‍ സൈമണ്‍.69 വയസുള്ള സൈമണിന് ലോകകപ്പ് ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല, ജീവിതത്തിന്റെ ഭാഗമാണ്. 1970-കളുടെ അവസാനത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്ന് ഓര്‍ക്കുന്നു. പിതാവ് വര്‍ഗീസിന്റെ കച്ചവടവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് പഠിച്ചിരുന്ന കാലത്താണ് ഫുട്‌ബോളിനോടുള്ള ഇഷ്ടം തോന്നിയത്. സി.എം.എച്ച് ഗവണ്‍മെന്റ് സ്‌കൂളിലെ ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന സൈമണിന് അന്നുമുതല്‍ കാല്‍പന്തുകളിയോടുള്ള ഇഷ്ടം ഹൃദയത്തില്‍ ഇടംപിടിച്ചു. ഫുട്‌ബോളിനോടുള്ള ആവേശം മനസ്സിലാക്കിയ ഗള്‍ഫിലായിരുന്ന ജ്യേഷ്ഠന്‍ കൊച്ചു മാത്യൂ 1979-ല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ അയച്ചുനല്‍കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ടി.വി ട്രെയിന്‍ മാര്‍ഗം രാജമന്‍ട്രിയിലെത്തിച്ചാണ് 1982 ലെ ലോകകപ്പ് കണ്ടത്.



