31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Erumapetty വേലൂര്‍ പഞ്ചായത്തില്‍ രാജിക്കൊരുങ്ങി എട്ട് കോണ്‍ഗ്രസ് ഭരണ സമിതി അംഗങ്ങള്‍

വേലൂര്‍ പഞ്ചായത്തില്‍ രാജിക്കൊരുങ്ങി എട്ട് കോണ്‍ഗ്രസ് ഭരണ സമിതി അംഗങ്ങള്‍

49

വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ ഉള്‍പ്പടെ എട്ട് കോണ്‍ഗ്രസ് ഭരണ സമിതി അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് ഡി.സി.സി പ്രസിഡന്റിന് പരാതിയും രാജി കത്തും നല്‍കിയിരിക്കുന്നത്.വേലൂരിലെ കോണ്‍ഗ്രസിനുള്ളിലെ വിഭാഗിയതയാണ് രാജി ഭീഷണിക്ക് കാരണം.കോണ്‍ഗ്രസിന് മേല്‍കോയ്മയുള്ള വേലൂര്‍ പഞ്ചായത്തില്‍ ഗ്രൂപ്പ് വഴക്കും വിഭാഗീയതയും കാരണം പത്ത് വര്‍ഷമായി ഭരണം നഷ്ടപ്പെട്ടിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് വീണ്ടും ഭരണം ലഭിച്ചത്. അതും നറുക്കെടുപ്പിലൂടെ.19 അംഗങ്ങളുള്ള ഭരണ സമിതിയില്‍ ഒമ്പത് കോണ്‍ഗ്രസും ഒമ്പത് സി.പി.ഐ.എമ്മും ഒരു ബി.ജെ.പിയുമാണ് കക്ഷി നില. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായി സ്വപ്ന രാമചന്ദ്രനെയും വൈസ് പ്രസിഡന്റായി നിതീഷ് ചന്ദ്രനെയും തെരഞ്ഞെടുത്തത്.മൂന്ന് സ്റ്റാന്റിംഗ് കമ്മറ്റി സി.പി.ഐ.എമ്മിനാണ്.
ഭൂരിപക്ഷമില്ലാതെ പഞ്ചായത്ത് ഭരണം മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിലും മണ്ഡലം പ്രസിഡന്റ് ഫ്രഡി ജോണും ചേര്‍ന്ന് കോണ്‍ഗ്രസ് മെമ്പറായ ബദുല്‍ സൈമനെ ഉപയോഗപ്പെടുത്തി ഭരണ സ്തംഭനമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രനും മറ്റു മെമ്പര്‍മാരും ആരോപിക്കുന്നു. പഞ്ചായത്ത് യോഗങ്ങളില്‍ ഭരണസമിതി എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മെമ്പറായ ബദുല്‍ സൈമണ്‍ സി.പി.ഐ എം മെമ്പര്‍മാരോടൊപ്പം ചേര്‍ന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് പരാതി. ആശാ വര്‍ക്കര്‍ ഉള്‍പ്പടെയുള്ള നിയമന തീരുമാനങ്ങള്‍ക്കെതിരെ ബദുല്‍ സൈമണ്‍ വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന ബ്ലോക്ക്, മണ്ഡലം പ്രസിഡന്റ്മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്ക് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുളള എട്ട് മെമ്പര്‍മാര്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചൊഴിയുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റിന് നല്‍കിയ പരാതിയില്‍ പറയുന്നു.അതേസമയം വേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായ സുരേഷ് മമ്പറമ്പലിനെതിരെ ഭരണ സമിതിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് മെമ്പര്‍മാര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.വേലൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വം കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും പ്രവര്‍ത്തര്‍ക്ക് പരാതിയുണ്ട്.

 

ADVERTISEMENT
error: Content is protected !!