27.7 C
Kunnamkulam
Friday, July 17, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ ജൂലൈ 19,20 തിയ്യതികളിലായി ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം

ആര്‍ത്താറ്റ് സെന്റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ ജൂലൈ 19,20 തിയ്യതികളിലായി ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം

മലങ്കര സഭാ തേജസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തയുടെ 117-ാം ഓര്‍മ്മപ്പെരുന്നാളും മലങ്കര സഭയെയും കുന്നംകുളം ഭദ്രാസനത്തെയും സ്തുത്യര്‍ഹമായി നയിച്ച പരിശുദ്ധ കാതോലിക്കാബാവ മോറാന്‍ മോര്‍ ബലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവയുടെ 5-ാം ഓര്‍മ്മ പെരുന്നാളും സംയുക്തമായി ജൂലൈ 19,20 തിയ്യതികളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആര്‍ത്താറ്റ് സെന്റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യുസ് തൃതിയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത സഹകാര്‍മ്മികനാകും. 19-ാം തീയതി ഞായറാഴ്ച എല്ലാ ഇടവകകളിലെയും വിശ്വാസികള്‍ വൈശ്ശേരി സെന്റ്. ഗ്രിഗോറിയോസ് പള്ളിയില്‍ സംഗമിച്ച് വൈകിട്ട് അഞ്ചുമണിക്ക് ആര്‍ത്താറ്റ് അരമന ചാപ്പലിലേക്കുള്ള പദയാത്രയും തുടര്‍ന്ന് ഏഴുമണിക്ക് കാതോലിക്കാ ബാവായുടെയും ഭദ്രാസന മെത്രാപ്പോലീത്തയുടെയും കാര്‍മ്മികത്വത്തില്‍ സന്ധ്യാനമസ്‌കാരവും നടക്കും. അനുസ്മരണ പ്രഭാഷണത്തിനും പ്രദക്ഷിണത്തിനും ശ്ലൈഹീക വാഴ്വിനും ശേഷം അത്താഴ സദ്യയും ഉണ്ടായിരിക്കും.ജൂലൈ 20 തിങ്കളാഴ്ച രാവിലെ 6:15 നു പ്രഭാത നമസ്‌കാരവും, 7 മണിക്ക് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും, ആശീര്‍വാദവും, സ്‌നേഹവിരുന്നും നടക്കും.കുര്‍ബാനയ്ക്കുശേഷം രാവിലെ 11 മണിക്ക് ഭദ്രാസന മ്യൂസിയം ലൈബ്രറി കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും.. 11.30 ന് അയ്യംപറമ്പ് ഹൗസിംഗ് പ്രോജക്റ്റിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ കുരിശുപള്ളിയുടെ കൂദാശയും, പുതുതായി നിര്‍മിച്ച എട്ടു ഭവനങ്ങളുടെ ഉദ്ഘാടനവും കാതോലിക്കാ ബാവ നിര്‍വ്വഹിക്കും.ഡോ ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 8 വീടുകളുടെ താക്കോല്‍ദാനം ഗതാഗത മന്ത്രി സി.പി.ജോണ്‍ നിര്‍വഹിക്കും. എ.സി. മൊയ്തീന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌ക്കാരിക-മത നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സ്റ്റീഫന്‍ ജോര്‍ജ്ജ് , ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പി.യു, ഷാജന്‍,പബ്‌ളിസിറ്റി കമ്മറ്റി ചെയര്‍മാന്‍ ഫാ. റ്റി.സി. ജേക്കബ്, പബ്‌ളിസിറ്റി കമ്മറ്റി കണ്‍വീനര്‍ എഡ്വി സഖറിയ കെ., ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ സി കെ ബാബു എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!